
കോഴിക്കോട്: ഡിജിറ്റൽ യുഗത്തിൽ ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെയും വിശ്വാസ രൂപീകരണത്തിന്റെയും വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്തുകൊണ്ട് സ്റ്റാർട്ട് (START – St Thomas Academy for Research and Training) സംഘടിപ്പിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ കോളോക്വിയം ഇന്ന് കോഴിക്കോട് സ്റ്റാർട്ട് ക്യാംപസിൽ നടന്നു.
“ഡിജിറ്റൽ യുഗത്തിൽ മികവിലേക്കുള്ള വിദ്യാഭ്യാസം: വിശ്വാസ രൂപീകരണം, ക്രൈസ്തവ വിദ്യാഭ്യാസം, ആഗോള–കേരള കാഴ്‌ചപ്പാടുകൾ” എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.
താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിൽ പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ കാലഘട്ടത്തിൽ വിശ്വാസവും സ്വഭാവവും മികവുമുള്ള വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ ക്രൈസ്തവ വിദ്യാഭ്യാസത്തിനുള്ള ദൗത്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
നെതർലാൻഡ്സിലെ ഏറസ് സർവകലാശാലയുടെയും ഫ്രാൻസിലെ ആഞ്ചേഴ്സ് അപ്ലൈഡ് സയൻസസ് സർവകലാശാലയുടെയും പ്രൊഫസർ ഡോ. കീസ് സ്കിപ്പർ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ, സക്യുലർ, ബഹുസാംസ്കാരിക ലോകത്ത് വിശ്വാസ രൂപീകരണം നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന പാഠങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിലെ ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ യുഗത്തിലെ ഇടയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് റവ. ഫാ. സബിൻ തൂമുളളിൽ പ്രഭാഷണം നടത്തി. തുടർന്ന് നെതർലാൻഡ്സിലെ ഡീൻ ഡോ. ജോർജ് പൈമ്പിള്ളിൽ, മോൺസിഞ്ഞോർ ജെറാർഡ് ബ്രുഗിങ്ക്, സീറോ മലബാർ സഭ വക്താവ് ഡോ. ചാക്കോ കലാംപറമ്പിൽ, റവ. സിസ്റ്റർ ജെനിഫർ ഡൊമിനിക് എന്നിവർ ആഗോളവും പ്രാദേശികവുമായ അനുഭവങ്ങൾ പങ്കുവെച്ചു.
സ്റ്റാർട്ട് ഡയറക്ടർ ഫാ. ഡോ. സുബിൻ കിഴക്കേവീട്ടിൽ സ്വാഗതം ആശംസിച്ചു. ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ ആർജിക്കുന്ന സാങ്കേതി അറിവും നൈപുണ്യങ്ങളും അടിസ്ഥാനമാനുഷികമൂല്യങ്ങളുമായി സംയോജിപ്പിച്ചു കൊണ്ട് അവരുടെ സമഗ്ര വളർച്ച സാധ്യമാക്കാൻ കഴിയണമെന്നും, സനാതന മൂല്യങ്ങൾക്ക് പകരം വയ്ക്കാൻ സാങ്കേതികവിദ്യയോ മറ്റു നൈപുണ്യങ്ങളോ മതിയാക്കുകയില്ല. ഗാന്ധിജി പഠിപ്പിക്കുന്നതുപോലെ, മൂല്യങ്ങളില്ലാത്ത വിദ്യാഭ്യാസം ഉപയോഗശൂന്യമാണെന്ന് കൊളോക്കിയം വിലയിരുത്തി. സംവാദവും ചോദ്യോത്തരവേളയും തുടർന്ന് നന്ദിപ്രസ്താവനയോടെ സമ്മേളനം സമാപിച്ചു.
വിദ്യാഭ്യാസ മേഖലിയിലെ പ്രമുഖർ സിമ്പോസിയത്തിൽ പങ്കെടുത്തു.