
മോൺ. ആന്റണി കൊഴുവനാൽ സംസ്ഥാനതല പ്രസംഗ മത്സരം: എസ്തർ ക്രിസ്റ്റി ടോമും മേധാ ഷൈജനും ജേതാക്കൾ
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് 20 വർഷത്തെ പാരമ്പര്യമുള്ള സെന്റ് തോമസ് അക്കാദമി ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗ് (START) സംഘടിപ്പിച്ച മോൺ. ആന്റണി കൊഴുവനാൽ സ്മാരക രണ്ടാം പതിപ്പ് സംസ്ഥാനതല പ്രസംഗ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ എസ്തർ ക്രിസ്റ്റി ടോമും (പടത്തുകടവ്, താമരശ്ശേരി രൂപത) ജൂനിയർ വിഭാഗത്തിൽ മേധാ ഷൈജനും (ചക്കിട്ടപ്പാറ, താമരശ്ശേരി രൂപത) ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെയും യുവാക്കളുടെയും സമഗ്രവും അവിഭാജ്യവുമായ രൂപീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 'സ്റ്റാർട്ട്' അതിന്റെ സ്ഥാപക ഡയറക്ടർ മോൺ. ആന്റണി കൊഴുവനാലിന്റെ സ്മരണാർത്ഥമാണ് ഈ മത്സരം സംഘടിപ്പിച്ചത്.
2025 ഡിസംബറിൽ നടന്ന പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത നൂറുകണക്കിന് മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 പേരാണ് ശനിയാഴ്ച നടന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. താമരശ്ശേരി രൂപതാ വികാരി ജനറൽ റവ. മോൺ. ജോയിസ് വയലിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഓരോ തലത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ വീതം ക്യാഷ് അവാർഡും മെമെന്റോയും സമ്മാനിച്ചു.
സീനിയർ വിഭാഗത്തിൽ (വിഷയം: വിദേശ കുടിയേറ്റവും പഠനവും: പ്രതീക്ഷയും പ്രതിസന്ധിയും.)
ബ്രദർ സെബിൻ മാരനാട്ട് (ഇടുക്കി രൂപത, ആലുവ മംഗലപ്പുഴ സെമിനാരി) രണ്ടാം സ്ഥാനവും,
ആൻസി വി.എ. (ഒണ്ടയങ്ങാടി, മാനന്തവാടി രൂപത) മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ (വിഷയം: ഡിജിറ്റൽ യുഗത്തിലെ വിശ്വാസവും ധാർമികതയും.)
രണ്ടാം സ്ഥാനം അലൻ വർഗീസും (പറോപ്പടി), മൂന്നാം സ്ഥാനം റാഫേല ക്രിസ്റ്റി ടോമും (പടത്തുകടവ് ) കരസ്ഥമാക്കി
സ്റ്റാർട്ട് (START) ഡയറക്ടർ റവ. ഡോ. സുബിൻ കിഴക്കേവീട്ടിൽ സ്വാഗതം ആശംസിച്ചു. ബഥാനിയ റിന്യൂവൽ സെന്റർ ഡയറക്ടർ റവ. ഫാ. റോണി കാവിൽ, മോട്ടിവേഷണൽ സ്പീക്കർ എബ്രഹാം പി.ടി., ബാലുശ്ശേരി ജയറാണി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ സ്റ്റെല്ല മരിയ എസ്.എ.ബി.എസ് എന്നിവർ സംസാരിച്ചു. ഫൈനലിൽ എത്തിയ എല്ലാ മത്സരാർത്ഥികൾക്കും പ്രത്യേക ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ ജോൺസൺ പി. എബ്രഹാം നന്ദി രേഖപ്പെടുത്തി.